Sunday, September 27, 2009

ചന്ദ്രനും വെള്ളവും

എഴുതിത്തുടങ്ങണം എന്നു തുടങ്ങിയിട്ട്‌ കുറച്ചു ദിവസമായി. എവിടെ നിന്നു തുടങ്ങണം എന്ന കാര്യം തുടങ്ങാനായിരുന്നു തടസ്സം. അപ്പോഴാണ്‌ ചന്ദ്രനില്‍ വെള്ളവും വെളിച്ചവും ഓക്‌സിജനുമുള്ള കാര്യം അറിഞ്ഞത്‌. എന്നാല്‍ അവിടുന്നു തന്നെ തുടങ്ങാമെന്ന്‌ കരുതി. ദാഹം തീര്‍ക്കാനുള്ള വെള്ളവും ജീവന്‍ നിലനിര്‍ത്താനുള്ള `എയര്‍'റോസ്റ്റും ഉണ്ടല്ലോ. പിന്നെ പണ്ടെങ്ങോ പോയ ചാന്ദ്രയാന്റെ ചേട്ടന്മാര്‍ കൊണ്ടുവന്ന മണ്ണു കണ്ടിട്ട്‌ വളക്കൂറുള്ളതാണെന്ന്‌ തോന്നി. അതുകൊണ്ട്‌ ചന്ദ്രനില്‍ തുടങ്ങി, അവിടുത്തുകാര്‍ക്ക്‌ സഹിക്കവയ്യാതെ താഴെക്കിടുമ്പോള്‍ ഭൂമിയിലേക്ക്‌ വരാം.

സാധാരണ ഇന്ത്യ വിടാറുള്ള റോക്കറ്റൊക്കെ പോയതിനെക്കാളും ഇരട്ടി വേഗത്തില്‍ തിരിച്ചു വരാറാണ്‌ പതിവ്‌. എന്നാല്‍ അത്ഭുതമെന്ന്‌ പറയട്ടെ, ചാന്ദ്രയാന്‍ പോയിട്ട്‌ തിരിച്ചുവന്നില്ല. അപ്പോള്‍ ആദ്യം സംശയിച്ചത്‌ റോക്കറ്റ്‌ സ്‌പേസ്‌ സെന്ററില്‍ നിന്ന്‌ പോയില്ലേ എന്നായിരുന്നു. തിരിച്ചു വരാത്തതിന്റെ പശ്ചാത്തലത്തില്‍ ലവന്‍ പോയപാട്‌ പോയി നുമ്മ വിജയിച്ചെന്നും പറഞ്ഞ്‌ നമ്മള്‍ പത്രങ്ങളായ പത്രങ്ങളിലൊക്കെ പത്രസമ്മേളനം നടത്തി. അപ്പോഴാണപ്പീ അറിഞ്ഞത്‌, പോയസാധനം ചീറ്റിപ്പോയെന്ന്‌. മടിച്ചില്ല നുമ്മ, ചന്ദ്രന്‍ ചേട്ടന്‍ വിട്ട ചന്ദ്രയാന്‍ പരാജയമായിരുന്നു. പരാജയത്തിന്റെ `ബിറ്റര്‍ ജ്യൂസ്‌' കുടിച്ച്‌ കേരളത്തിലേക്കു വന്ന കേസരി കണ്ടത്‌, ഇത്തിരിക്കോണം പോന്ന കുട്ടികള്‍ `കുട്ടി ചന്ദ്രയാന്മാരെ' ആകാശത്തേക്കു പറത്തുന്നതാണ്‌. ഓര്‍ടെ ചെറ്യപെരുന്നാളാഘോഷം. അതിലൊരു ചെറിയോന്‍ വിട്ട റോക്കറ്റ്‌ ചെന്നൊരു തൊട്ടി വെള്ളത്തില്‍ ചാടി. ബല്യ ചന്ദ്രയാനും കുട്ടിച്ചന്ദ്രയാനെപ്പോലെ ചീറ്റിപ്പോയി. അപ്പോഴാണ്‌ കേസരിക്കോടിയത്‌..... യുറേക്ക!... ബല്യ ചന്ദ്രയാന്‍ വീണേടത്തും വെള്ളമുണ്ട്‌.....ഇനിയെന്താവുമെന്ന്‌ കാത്തിരുന്നു കാണാം... വെള്ളമുണ്ടോ.. വെള്ളത്തിലാവോ...